ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
തൃത്താല ഒറ്റനോട്ടത്തില്‍

പാലക്കാടു ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ തൃത്താല ബ്ളോക്കിലാണ് തൃത്താല ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തിയിലുള്ള പഞ്ചായത്തുകളിലൊന്നാണ് തൃത്താല. 22.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ തൃത്താല-പട്ടിത്തറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് തൃത്താല ഗ്രാമപഞ്ചായത്ത്. തൃത്താല ഗ്രാമ പഞ്ചായത്തിന്റെ വടക്കേ അതിരില്‍ കൂടി ഭാരതപ്പുഴ ഒഴുകുന്നു. തൃത്താലക്ക് ഏതാണ്ട് 6 കിലോമീറ്റര്‍ ദൂരം പുഴയോരമുണ്ട്. കിഴക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് പട്ടിത്തറ പഞ്ചായത്തും, തെക്കുഭാഗത്ത് നാഗലശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളുമാണ് മറ്റതിരുകള്‍. സമുദ്രനിരപ്പില്‍ നിന്ന് 8 മീറ്ററിനും 75 മീറ്ററിനും ഇടയിലുള്ള ഇടനാടു മേഖലയില്‍ ഉള്‍പ്പെടുന്നതാണ് തൃത്താല. മധ്യഭാഗം കിഴക്കുപടിഞ്ഞാറായി ഉയര്‍ന്നു കിടക്കുന്നു. രണ്ടുഭാഗത്തേക്കും ചെരിവുകളാണ്. തെക്കോട്ടു പോകുന്തോറും ചെരിവു കുറഞ്ഞു വരുന്നു. വടക്കോട്ടുള്ള ചെരിവ് കുത്തനെയുള്ളതാണ്. ഏതാണ്ട് 20% ഉയര്‍ന്ന പ്രദേശമാണ്. ചീനിപ്പാറകുന്ന്, തച്ചറകുന്ന്, മുടവത്തൂര്‍, ഞാങ്ങാട്ടിരി, അമ്പലവട്ടം എന്നീ പ്രദേശങ്ങള്‍ ഉയര്‍ന്ന സമതലപ്രദേശങ്ങളാണ്. ചീനിപ്പാറകുന്ന് പ്രദേശമാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. 1963-ലാണ് ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പ് നടക്കുന്നത്. കെ.വി.സെയ്തുമുഹമ്മദ് ആദ്യപ്രസിഡന്റായി. അസുരവാദ്യമായ ചെണ്ടയില്‍ അനുഭൂതിയുടെ നാദഭേരി തീര്‍ത്ത തൃത്താല ശൈലിയുടെ അധിപന്‍മാരായ തിരുവേഗപ്പുറ രാമപ്പൊതുവാളും, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാളും, കേശവപ്പൊതുവാളും ഈ തീരത്ത് ജീവിച്ചവരാണ്. അഷ്ടവൈദ്യസംഘത്തില്‍പ്പെട്ട വൈദ്യമഠം കുടുംബം, തനതുപാരമ്പര്യവൈദ്യത്തിനുടമയായ ചാത്തര് നായര്, കണ്ടംകുമരത്ത് വീട്, കാക്കരാത്ത് വീട്, തുടങ്ങി നിരവധി വൈദ്യപ്രമുഖര്‍ തൃത്താലയിലുണ്ടായിരുന്നു. ജ്യോതിഷരംഗത്തും തൃത്താലയ്ക്ക് അഭിമാനിക്കാവുന്ന നേട്ടം ഉണ്ടായിട്ടുണ്ട്. കൃഷി, കച്ചവടം, കൈവേലകള്‍, ഗ്രാമീണതൊഴിലുകള്‍ തുടങ്ങിയ നാനാതുറകള്‍ തലമുറ തലമുറയായി കൈകാര്യം ചെയ്തുപോരുന്ന നിരവധി കുടുംബങ്ങള്‍ തൃത്താലയുടെ ഉള്‍നാടുകളിലുണ്ട്.