സാമൂഹ്യസാംസ്കാരികചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം

ഐതിഹ്യ കഥാപാത്രമായ അഗ്നിഹോത്രിയുടെ ബാല്യവുമായി ബന്ധപ്പെട്ട താലത്തിലപ്പന്റെ ഐതിഹ്യവും തൃത്താലയുടെ പേരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ജാതിമതരഹിതമായ സാഹോദര്യത്തിന്റെ കഥപറയുന്ന പറയിപെറ്റ പന്തിരുകുലത്തിന്റെ പ്രഭവം തൃത്താലയുടെ ചരിത്രമായി തീര്‍ന്നത് അങ്ങനെയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വലിപ്പമുള്ള തൃത്താലക്ഷേത്രം, അഗ്നിഹോത്രിയുടെ യജ്ഞശാലയായിരുന്ന യജ്ഞേശ്വരക്ഷേത്രം, ജ്ഞാനിയും കര്‍മ്മയോഗിയുമായ പാക്കനാര്‍ പാര്‍ത്ത ഈരാറ്റിങ്ങല്‍ വീട്, അരിക്കുന്ന്, കഞ്ഞിത്തോട്, ഉണ്ണിയാല്, പന്ത്രണ്ടുപേരുടേയും അമ്മ വളര്‍ന്ന നരിപ്പറ്റമന, പാക്കനാരുടെ സമാധിസ്ഥാനമായ കാഞ്ഞിരമറ്റം, ഇവരുടെ അപദാനങ്ങള്‍ തോറ്റം പാട്ടിലൂടെ വാഴ്ത്തുന്ന തൃത്താല, കുമ്മട്ടികാവിലേയും ഉള്ളന്നൂര്‍ ഘോരനാര്‍ കാവിലേയും മരുന്നിങ്കലേയും ഉത്സവങ്ങള്‍, ഇരുപ്പക്കോട്ട് അയ്യപ്പന്‍കാവ്, പുല്ലാനിക്കാവ്, വടുതലനായരുടെ വീടായ കുണ്ടൂളി തറവാട് തുടങ്ങി ഏതു തീര്‍ത്ഥാടകനേയും ആകര്‍ഷിക്കാനാവശ്യമായതെല്ലാം ഇന്നും ഇവിടെയുണ്ട്. ടിപ്പുവിന്റെ പടയോട്ടം തൃത്താലയിലൂടെ കടന്നുപോയിട്ടുണ്ട്. 1766-ല്‍ മൈസൂര്‍ ചക്രവര്‍ത്തി ഹൈദരാലി പാലക്കാട്ടുകോട്ട പിടിച്ചു. മലബാറില്‍ ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച പ്രധാനപാതകളിലൊന്നാണ് താനൂരില്‍ നിന്ന് തുടങ്ങി പടിഞ്ഞാറങ്ങാടി തൃത്താല, ലക്കിടി വഴി പാലക്കാട്ടേക്കുള്ള റോഡ്. 1790-ല്‍ ധര്‍മ്മരാജാവ് കൈവശം വെച്ച കൊടുങ്ങല്ലൂര്‍ പിടിച്ചടക്കാന്‍ ടിപ്പുസുല്‍ത്താന്‍ പുറപ്പെട്ടത് തൃത്താലയില്‍ തമ്പടിച്ചുകൊണ്ടാണെന്ന് പറയപ്പെടുന്നു. ടിപ്പുവിന്റെ 6000 യോദ്ധാക്കളും പടക്കോപ്പുകളുമുള്‍പ്പെട്ട ഒരാസ്ഥാനം തൃത്താലയിലുണ്ടായിരുന്നു. ഇവിടെനിന്നാണ് തിരുവിതാംകൂര്‍ രാജാവുമായി സന്ധിക്കു ശ്രമിച്ചത്. ആ സന്ധി പരാജയപ്പെട്ടു. ഏപ്രില്‍ 14-ന് മൈസൂര്‍പട തിരുവിതാംകൂറിലേക്ക് പുറപ്പെട്ടു. മെയ് 17-ന് മൈസൂര്‍പട കൊടുങ്ങല്ലൂര്‍ കോട്ട പിടിച്ചടക്കുകയും ചെയ്തു. എന്നാല്‍ ഇംഗ്ളീഷ് സേന മൈസൂരിനെ ആക്രമിച്ചു എന്നു കേട്ട് ടിപ്പു പിന്തിരിയുകയാണുണ്ടായത്. ആ മടക്കയാത്രയും തൃത്താലയിലേക്കായിരുന്നു. നിളയുടെ കരയില്‍ സ്ഥിതി ചെയ്യുന്ന പുരാതനമായ പള്ളിയും സാമൂതിരിച്ചേരിയിലെ തൃത്താല ക്ഷേത്രവും തൃത്താലയുടെ തലയെടുപ്പുകളാണ്. തൃത്താലക്ക് പാലക്കാടുമായല്ല, പൊന്നാനിയുമായിട്ടായിരുന്നു കൂടുതല്‍ ബന്ധം. ബ്രിട്ടീഷ് മലബാറിലെ സുരക്ഷിതമായ അധിവാസകേന്ദ്രവും കച്ചവടകേന്ദ്രവും തൃത്താലയിലായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച തോറും നടന്നിരുന്ന തൃത്താലചന്തയില്‍ രണ്ടായിരംപേര്‍ കച്ചവടത്തിനെത്തിയിരുന്നുവെന്ന് ലോഗന്‍ സായിപ് മലബാര്‍ മാന്വലില്‍ പറയുന്നു. ദേശീയനവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളിലും തൃത്താല പിന്നിലായിരുന്നില്ല. ഖിലാഫത്ത് കാലത്ത് ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ പ്രവര്‍ത്തിച്ചതിനാല്‍ നീണ്ടകാല ജയില്‍വാസവും യാതനകളും, ഭ്രഷ്ടും അനുഭവിച്ച മോഴിക്കുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരി തൃത്താലയിലെ കണ്ണന്നൂര്‍ നിവാസിയായിരുന്നു. ദേശീയനേതാവായിരുന്ന ഡോ.കെ.ബി.മേനോന്റെ അവസാനകാലത്തെ പ്രവര്‍ത്തനങ്ങളുടെ താവളവും തൃത്താലയിലായിരുന്നു. വൈദ്യസേവനരംഗത്തും തൃത്താല മുന്നിലാണ്. കൊല്ലവര്‍ഷം 1099-ല്‍ ഉണ്ടായ പ്രളയത്തിന്റെ ഫലമായി ഭാരതപുഴ സ്ഥാനം മാറി ഒഴുകിയതു മുലം ഞാങ്ങാട്ടിരി പാടശേഖരങ്ങളില്‍ മണ്‍തുരുത്തുകള്‍ രൂപപ്പെട്ടു എന്ന് കരുതപ്പെടുന്നു. സമ്പന്നമായ ഒരു സാംസ്ക്കാരിക പൈതൃകത്തിന്റെ ഭൂതകാലമുണ്ട് തൃത്താല ഗ്രാമത്തിന്. ഒരമ്മ പെറ്റ്, വ്യത്യസ്ത ജാതികളില്‍ വളര്‍ന്ന മക്കളെക്കുറിച്ചുള്ള പറയി പെറ്റ പന്തിരുവര്‍ എന്ന മിത്ത്(ഐതിഹ്യം) തൃത്താലയുടെ പൈതൃകത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ബ്രാഹ്മണനായ മൂത്തമകന്‍ അഗ്നിഹോത്രിയും, ജീവനില്ലാത്ത പശുവിന് അവകാശിയായ പാക്കനാരും, നാറാണത്തുഭ്രാന്തനും ഇതിലെ കഥാപാത്രങ്ങളാണ്. വി.ടി.എന്ന രണ്ടക്ഷരത്തില്‍ ചിരപ്രതിഷ്ഠ നേടിയ മഹത്്വ്യക്തിയായ വി.ടി ഭട്ടതിരിപ്പാട്, നമ്പൂതിരിയെ മനുഷ്യനാക്കുകയും മറക്കുടയുടെ പിന്നില്‍ കുരുങ്ങിക്കിടന്ന അന്തര്‍ജ്ജനങ്ങളെ അരങ്ങിലെത്തിക്കുകയും ചെയ്തു. നിള മലയാളിയുടെ സാംസ്കാരിക ബോധത്തിന്റെ ഭൂമികയാണ്. അക്ഷരങ്ങളുടെ പിതാവായ തുഞ്ചത്താചാര്യന്‍ മുതല്‍ വള്ളത്തോള്‍, ഇടശ്ശേരി, എം.ടി, മഹാകവി പി (പി.കുഞ്ഞിരാമന്‍നായര്‍) എന്നീ മഹാരഥന്‍മാരെല്ലാം നിളയുടെ സാന്നിധ്യവും സ്വാധീനവും ഏറ്റുവാങ്ങിയവരായിരുന്നു. അസുരവാദ്യമായ ചെണ്ടയില്‍ അനുഭൂതിയുടെ നാദഭേരി തീര്‍ത്ത തൃത്താല ശൈലിയുടെ അധിപന്‍മാരായ തിരുവേഗപ്പുറ രാമപ്പൊതുവാളും, തൃത്താല കുഞ്ഞികൃഷ്ണ പൊതുവാളും, കേശവപ്പൊതുവാളും ഈ തീരത്ത് ജീവിച്ചവരാണ്. ഞാങ്ങാട്ടിരിയില്‍ കല്ലാറ്റ പരമേശ്വരക്കുറുപ്പ് നന്തൂര്‍ണിയുടെ പശ്ചാത്തലത്തില്‍ കളം പാട്ടില്‍ കേരളത്തിലെ അവശേഷിക്കുന്ന കണ്ണികളിലൊരാളാണ്. പാവക്കൂത്തില്‍ അജയ്യനായ നടുവിലേതില്‍ ബാലന്‍നായര്‍ തൃത്താലയുടെ അഭിമാനമാണ്. പ്ളാവിന്റെ പലകകളില്‍ ഉളികൊണ്ട് കവിതരചിച്ച തിറക്കോപ്പ് നിര്‍മ്മാതാവ് ദിവംഗതനായ മുല്ലക്കല്‍ ഗണപതി വൈദ്യരുടെ പേരും പ്രത്യേകം സ്മരണീയമാണ്. തൃത്താല സെന്ററില്‍ പഞ്ചായത്തുവക ഒരു ലൈബ്രറിയുണ്ട്. പുറമെ സി.എച്ച്. സ്മാരക വായനശാല വി.കെ.കടവ്, രാജഗോപാലന്‍ മെമ്മോറിയല്‍ ഗ്രന്ഥശാല ഉള്ളന്നൂര്‍, മേഴത്തൂര്‍ ഗ്രന്ഥശാല, മുടവന്നൂര്‍ ഗ്രന്ഥശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ലൈബ്രറികള്‍. വലുതും ചെറുതുമായ പതിനൊന്ന് കലാസമിതികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ഹൈന്ദവ ക്ഷേത്രങ്ങള്‍ തൃത്താല പഞ്ചായത്തിലുണ്ട്. തൃത്താല ശിവക്ഷേത്രം, ഞാങ്ങാട്ടിരി ഭഗവതിക്ഷേത്രം, കണ്ണന്നൂര്‍ ഭഗവതിക്ഷേത്രം. മുടവന്നൂര്‍ ശിവക്ഷേത്രം, ഇരുപ്പക്കോട്ട് കാവ് അയ്യപ്പക്ഷേത്രം, യജ്ഞേശ്വരം ക്ഷേത്രം, പുല്ലാനിക്കാവ് ഭഗവതിക്ഷേത്രം, കോടനാട് ശിവക്ഷേത്രം, മുല്ലിയം പറമ്പത്ത്കാവ് ഭഗവതിക്ഷേത്രം എന്നിവ പ്രസിദ്ധ ഹൈന്ദവാരാധനാലയങ്ങളാണ്. ക്ഷേത്രോത്സവങ്ങള്‍, പൂരങ്ങള്‍ എന്നിവ ജാതിമതഭേദമെന്യേ ഏവരും ചേര്‍ന്ന് ആഘോഷിച്ചുവരുന്നു. തൃത്താല വരണ്ടു കുറ്റിക്കടവ് ജുമാമസ്ജിദുകളും ഏറെ പഴക്കമുള്ളതാണ്.